കർമ്മഗതിയിൽ സാനു മാഷിനോടൊപ്പം
എം.കെ. ശശീന്ദ്രൻ
1969 ൽ മഹാരാജാസ് കോളജിലെ ക്ലാസ് മുറികളിൽ തുടർച്ചയായി അഞ്ചാണ്ട് മാഷിൻ്റെ ശിഷ്യൻ.
2021 മുതൽ മറ്റൊരു അഞ്ചാണ്ട് മാഷ്, ചീഫ് എഡിറ്ററായ സഹോദരൻ മാസികയുടെ എഡിറ്റർ ഇതാണ് സാനു മാഷും ഈയുള്ളവനും തമ്മിലുള്ള ബന്ധം.ഇതിനിടയിലെ മാഷിൻ്റെ ശ്രോതാവായുംവായനക്കാരനായും ആസ്വാദകനായും സാസ്കാരിക രംഗത്ത് പരസ്പരം കണ്ടു മുട്ടി കൊണ്ടേയിരുന്നു. "എം.കെ.സാനു മൊഴിയും മൗനവും "എന്ന പേരിൽ മാഷിൻ്റെ ജീവചരിത്രം എഴുതി 2021-ൽ പ്രസിദ്ധീകരിച്ചു.
രണ്ടാം ഭാഗ രചനയുടെ രൂപ രേഖ മാഷുമായി ചർച്ച ചെയ്തു. രചന പൂർത്തിയാകും മുമ്പ് , ആ മഹത് ജീവിതത്തിനു് പൂർണ്ണ വിരാമമായി.
ഓർമിക്കാൻ ഒരു പാട് സംഗതികൾ ബാക്കി. മാഷിനു് പൊന്നുരുന്നിയിലെ എൻ്റെ ജന്മ സ്ഥലവും പരിസരവും കാണമെന്ന ആഗ്രഹം എന്നോട് പ്രകടമാക്കി.
2017 ഒക്ടോബർ മാസത്തിൽ, മാഷ് എൻ്റെ വസതിയിൽ എത്തി. എം.പി. വേണുവാണ് മാഷിനെ കൂട്ടി വീട്ടിൽ കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും. മാഷ് എത്തുന്ന വിവരം അറിഞ്ഞ് കുടുംബാംഗങ്ങളും നാട്ടിലെ അരാധകർ ചിലരും വീട്ടിൽ ഒത്തുകൂടി. ഞങ്ങളൊടൊന്നി മാഷ് പ്രാതൽ കഴിച്ചു. അന്ന് അവിടെ വന്നെത്തിയവരിൽ അന്തരിച്ച ഡോ. ടി.എൻ. വിശ്വംഭരൻ,ഗ്രന്ഥശാല പ്രവർത്തകൻ കെ.കെ. ഗോപി നായർ എന്നിവർ ഉൾപ്പെടുന്നു.ഞങ്ങളുടെ വസതി സന്ദർശിച്ച ഏറ്റവും ഉൽകൃഷ്ട വ്യക്തി എം.കെ. സാനു മാഷാണ്. അതുകൊണ്ട് ചരിത്ര സംഭവവും.
കഴിഞ്ഞ വർഷം പേരകുട്ടികളെയുംകൂട്ടി കാരിക്കാമുറി "സന്ധ്യയിൽ "എത്തി. കുട്ടികൾ ഓരോരുത്തരായി മാഷിൻ്റെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു. മാഷ് തികഞ്ഞ വാത്സല്യത്തോടെ കുട്ടികളുടെ കവിളിലും ശിരസ്സിലും തലോടി, അവരുടെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു. തന്നോടു ചേർത്തിരിത്തി.ഈ ദിവ്യ മുഹുർത്തം അവരുടെ മനസ്സിൽ പതിഞ്ഞു. അവരും , ഉരു വിട്ടു കൊണ്ടിരിക്കുന്നു സാനു മാഷ് , സാനു മാഷ്.
ജീവചരിത്ര രചന എന്നെ പഠിപ്പിച്ചത് സാനു മാഷാണ്.കൊച്ചി തുറമുഖ തൊഴിലാളി നേതാവും മുൻ മന്ത്രിയും മറ്റുമായ എം.കെ. രാഘവൻ വക്കീലിൻ്റെ ജീവചരിത്ര രചന, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏല്പിച്ചത് സാനു മാഷിനെയായിരിന്നു. എന്നാൽ മാഷ് ആ ചുമതല എന്നെ ഏല്പിച്ചു ; അത് എഴുതാൻ രണ്ടു ദിവസം കൂടെയിരുന്ന പരിശീലിപ്പിച്ചു. തുടർന്നു് ഏഴു ജീവചരിത്രങ്ങൾ കൂടി എനിക്ക് രചിക്കു വാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.
കവിയും നാടക ഗാന രചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ , സാനു മാഷിനെ ആദരിക്കുന്നതിനു്കാവ്യ സദസ്സ് കൂടാൻ നിശ്ചയിച്ചിരിന്ന എറണാകുളം എസ്.എൻ.വി സദനത്തിൽ എത്തി. വിട്ടുനിൽക്കാനാവാത്ത സാഹചര്യം വന്നുപെട്ടതിനെ തുടർന്ന് സാനു മാഷിന് എത്താൻ കഴിഞ്ഞില്ല. മാഷിൻ്റെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് മാഷിൻ്റെ അയൽപക്ക സ്ഥാപനമായ ഹിന്ദി ഭവനിൽ 12.7.2025 അക്കുറി കാവ്യ സദസ് നടത്തിയത്.
അന്ന് രാവിലെ ചാവറ കൾചറൽ സെൻ്ററിൽ കവി സെബാസ്റ്റ്യൻ കാവ്യ സമീക്ഷ, തുടർന്ന് പനമ്പിള്ളി നഗറിൽ ജസ്റ്റീസ് കെ. സുകുമാരൻ സാറിൻ്റെ 95-ാം ജന്മദിനാ ആഘോഷം.മാഷ് തലേ ദിവസം രാത്രി എന്നെ ഫോണിൽ വിളിച്ചു, സ്ഥിതി ഗതി ധരിപ്പിച്ചു. രണ്ടു പരിപാടികളിലും മാഷ് സമയമെടുത്തു പങ്കെടുക്കുക.വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഞങ്ങളുടെ കൂട്ടത്തിൽ വന്നു ചേർന്നാൽ മതി.എന്നാൽ ശരി. മാഷ് സമ്മതിച്ചു. പറഞ്ഞതു പോലെ, എം.ആർ. ഗീത മാഷിനെ അവിടെ കൂട്ടി കൊണ്ടു വന്നു.
'ക്ഷീണമുണ്ട് ഒന്നു കിടക്കണം. " മാഷ് പറഞ്ഞു. അഞ്ചു മിനിറ്റ് മതി എന്നു ഞാനും. കരുതി വച്ചിരിന്ന ഷാൽ മാഷിനെ ഞാൻ അണിയിച്ച് പാദങ്ങൾ തൊട്ടു നമസ്ക്കരിച്ചു.റിട്ട. അദ്ധ്യാപകൻ പൂച്ചാക്കൽ ഷാഹുൽ ,മാഷിനെ ഷാൽ അണിയിച്ചു. കൂടെ എന്നെയും ; അത് എന്തിനാണെന്ന് അപ്പോൾ മനസ്സിലായില്ല. അത്രയും ശ്രേഷ്ഠനായ മഹാ ഗുരുവിൻ ചാരേ, ഒപ്പം നിന്നു എളിയവനായ എനിക്ക് ഒരു ഷാൽ സ്വീകരിക്കാനുണ്ടായ ധന്യ നിമിഷത്തിൻ്റെ നിർവൃതിയിൽ ഇപ്പോൾ ഞാനലിയുന്നു.വളരെ ഹ്രസ്വമായി മാഷ് അവിടെ സംസാരിച്ചു, ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കും അവസരമൊരുക്കി തന്നു. ആ ഫോട്ടോ അനന്തര തലമുറയ്ക്ക് കൈമാറാനായി കവികൾ കരുതി വയ്ക്കും എന്നുറപ്പുണ്ട്.
പിന്നീട് രണ്ടു നാൾക്കു ശേഷം 14.7.2025ന്ടി.ഡി. റോഡിലെ അബലാ ശരണത്തിൽ വൈകിട്ട് 5 മണിക്ക് മാഷിനെ കണ്ടു. കുറച്ച് പരീക്ഷീണനായി കാണപ്പെട്ടു. അത് അവിടെ കൂടിയിരിന്നവർ പരസ്പരം പറഞ്ഞു. എന്നാൽ അതൊന്നു കണക്കിലെടുക്കാനെ വളരെ ഊർജ്ജത്തോടെ അര മണിക്കൂർ മാഷ്അവിടെ പ്രസംഗിച്ചു.വേദിയിൽ മന്ത്രിമാരായ കെ. രാജൻ,പി. രാജിവ്, എം.എൽ. ഏ. ടി.ജെ. വിനോദ്, ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്എന്നിവരെല്ലാം ഉണ്ടായിരിന്നു.
1921-ൽ കൊച്ചി രാജാവ് അനുവദിച്ച ഭൂമിക്ക് സർക്കാർ പട്ടയം കൊടുക്കുന്ന ചടങ്ങായിരിന്നു. അഗതികൾക്കായി സ്ഥാപിച്ച അബലാ ശരണം എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പിനായി "തപസ്വിനി അമ്മ : അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി" (ഇത് സാനു മാഷ് തൻ്റെ പുസ്തകത്തിനു നൽകിയ ശീർഷകമാണ്.) നടത്തിയ കഠിന ശ്രമങ്ങളെക്കുറിച്ചു ഈ ഒമ്പതു സെൻ്റ് ഭൂമിക്കു പട്ടയം ലഭിക്കുന്നതിനു നടത്തിയ അലച്ചിലുകളും അന്വേഷണങ്ങളും മാഷ് ഭാവുകത്വത്തോടെ തൻ്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു. എസ്.എൻ.വി. സദനത്തിൻ്റെ പ്രസിഡണ്ടായ എം.കെ. സാനു മാഷ് റവന്യൂ മന്ത്രിയിൽ നിന്നും ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങി. അന്നാണ് ഏറ്റവും ഒടുവിലായി മാഷിനെ കണ്ടതും കേട്ടതും. 2.8.2025 ന് മാഷ് പ്രപഞ്ചത്തോട് യാത്ര പറഞ്ഞു.
ജീവിതം എന്തു സമ്മാനിച്ചു എന്നു് ആരെങ്കിലും ജീവിത സായാഹ്നത്തിൽ ചോദിച്ചാൽ ഒന്നാമത്തെ ഉത്തരം : നവോത്ഥാന നായകൻ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച് പത്രാധിപരായി പ്രവർത്തിച്ച സഹോദരൻ മാസികയുടെ, മുഖ്യ പത്രാധിപരായി പരിലസിച്ച , അദ്ദേഹത്തിൻ്റെ പ്രഥമ ശിഷ്യൻ എം.കെ.സാനു ,മുഖ്യ പത്രാധിപരായ സഹോദരൻ മാസികയുടെ പത്രാധിപരായി പ്രവർത്തിക്കാൻസന്ദർഭം തന്നു എന്നതാണ്. അതിൻ് അവസരം ഒരുക്കിയ സഹോദരൻ മാസികയുടെ ഉടമസ്ഥ സ്ഥാപനമായ എറണാകുളം ശ്രീ നാരായണ സേവാ സംഘത്തിനോടുള്ള നന്ദിയും സ്നേഹവും അളവറ്റതാണ്. സഹോദരൻ അയ്യപ്പൻ മാസ്റ്റർ - എം.കെ. സാനു മാസ്റ്റർ സ്മൃതിയിൽ,
വിനീത ശിഷ്യൻ
എം.കെ. ശശീന്ദ്രൻ
No comments:
Post a Comment